ന്യൂ ദൽഹി : രാജ്യത്തെ ഇളക്കി മറിച്ച ജെഎൻയു പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി സർവകലാശാലാ അധികാരികൾ. 2018ലെ സമരങ്ങളിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾക്ക് വൻ തുകയാണ് പിഴ ചുമത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമായ വിദ്യാർത്ഥി വേട്ടയാണെന്ന് നോട്ടീസ് കിട്ടിയവർ ആരോപിക്കുന്നു. 10000 മുതൽ 15000 വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ അടുത്ത സെമിസ്റ്ററിൽ രജിസ്ട്രേഷൻ തടയുമെന്നും പരീക്ഷ എഴുതാനാകില്ലെന്നുമാണ് ഭീഷണി. സമരത്തിൽ പങ്കെടുക്കാത്തവർക്കും പിഴ ചുമത്തിയിട്ടുണ്ടെന്ന് ആരോപണമുയരുന്നു.
നോട്ടീസ് ലഭിച്ചവരിൽ അന്നത്തെ യൂണിയൻ വൈസ് പ്രസിഡന്റ് സിമോൺ സോയാ ഖാൻ ഉൾപ്പെടെയുള്ളവരുണ്ട്. അവസാന വർഷ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ് സിമോൺ. കുട്ടികളെ സർവകലാശാല വേട്ടയാടുകയാണെന്ന് സിമോൺ ആരോപിക്കുന്നു. “വാർഷിക ഫീസ് തന്നെ 200-300 രൂപയേ ഉള്ളൂ. അപ്പോഴെങ്ങനെയാണ് ഇത്രയും വലിയ തുക പിഴ ഈടാക്കാൻ കഴിയുക? തികഞ്ഞ അനീതിയാണിത്. വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികൾ പൊക്കിക്കൊണ്ടുവന്ന് വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണ്. ഇത് രാഷ്ട്രീയ പ്രേരിതമാണ്”. സിമോൺ പ്രതികരിച്ചു.
സർവകലാശാലയുടെ നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഓഫ് ലൈൻ ക്ലാസുകൾക്കുവേണ്ടി കഴിഞ്ഞ ജൂൺ 20ന് സമരം ചെയ്തവർക്കെതിരെയാണ് അന്വേഷണവും പിഴയുമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ആരോപിച്ചു.
രാഷ്ട്രീയപ്രേരിതമായ നടപടിയാണിതെന്ന് ആൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പാർശ്വവത്കരിക്കപ്പെട്ട ചുറ്റുപാടുകളിൽ നിന്നു വരുന്ന കുട്ടികളെ തിരഞ്ഞു പിടിച്ച് ഭീമമായ പിഴ ചുമത്തുകയാണെന്നും അവർ ആരോപിക്കുന്നു.
അതേസമയം സമരത്തിൽ പങ്കെടുക്കാത്ത കുട്ടികൾക്കും സമരത്തിന്റെ പേരിൽ പിഴ ചുമത്തിയിട്ടുണ്ട്. താൻ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് 10000 രൂപ പിഴയടയ്ക്കണമെന്ന നോട്ടീസ് കിട്ടിയ അവസാന വർഷ പിഎച്ച്ഡി വിദ്യാർത്ഥിയായ കൗശിക്ക് പിടിഎയോട് വ്യക്തമാക്കി.
“ഞാൻ 2018ലെ സമരത്തിൽ പങ്കെടുത്തിട്ടില്ല. അന്വേഷണ സമിതിയ്ക്കു മുമ്പാകെ വാക്കാലും എഴുതിയും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നിട്ടും എനിക്ക് പിഴ കിട്ടി. ഇത്തരത്തിൽ അഞ്ചോ ആറോ കുട്ടികൾ കൂടിയുണ്ട്” കൗശിക് പറയുന്നു.
എന്നാൽ കാര്യങ്ങളെല്ലാം വ്യക്തമായി അന്വേഷിച്ചും നടപടികൾ പൂർത്തിയാക്കിയുമാണ് പിഴയടയ്ക്കാൻ നോട്ടീസ് കൊടുത്തത് എന്നാണ് ജെഎൻയു അധികൃതരുടെ വിശദീകരണം.