ന്യൂ ദൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളിൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ചിത്രം. സ്വന്തം ചിത്രമുള്ള പോസ്റ്ററുകൾ കോൺഗ്രസ് അണികൾ ചുവരുകളിലൊട്ടിക്കുന്ന ചിത്രം വാദ്ര തന്നെ ട്വീറ്റു ചെയ്തതോടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമായി. വിലക്കയറ്റത്തിനും വർഗീയതയ്ക്കുമെതിരെ കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഭാരത് ജോഡോ യാത്ര.
രാജീവ് ഗാന്ധി, സോണിയ, പ്രിയങ്ക, രാഹുൽ, വാദ്ര എന്നിവരുടെ ചിത്രങ്ങൾ മാത്രമാണ് പോസ്റ്ററുകളിലുള്ളത്. വാദ്രയുടെ ചിത്രമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.. വാദ്ര അഴിമതിക്കേസിൽപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തിന് പാർടിയുമായി ബന്ധമില്ല എന്ന ന്യായം പറഞ്ഞാണ് കോൺഗ്രസ് ഇക്കാലമത്രയും പ്രതിരോധമുയർത്തിയത്.
ബിജെപിയുടെ വിമർശനം ഇതിൽപ്പിടിച്ചാണ്. വാദ്ര എപ്പോഴാണ് അഴിമതിക്കെതിരെ സംസാരിച്ചു തുടങ്ങുന്നത് എന്ന പരിഹാസവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് രംഗത്തെത്തി.
സോണിയാ കുടുംബാംഗങ്ങൾക്കു പുറമെ എൻഎസ് യു നേതാവ് ജെ ബി അഭിജിത്തിൻ്റെ ചിത്രം മാത്രമാണ് പോസ്റ്ററുകളിലുള്ളത്. ദീർഘകാല രാഷ്ട്രീയ പാരമ്പര്യവും തലപ്പൊക്കവുമുള്ള ഒരു മുതിർന്ന നേതാവിൻ്റെയും ചിത്രം പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേവരെ കോൺഗ്രസ് അംഗത്വം പോലുമില്ലാത്ത റോബർട്ട് വാദ്രയുടെ ചിത്രം ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത് പാർടിയ്ക്കുള്ളിലും നീരസമുണ്ടാക്കും.
കോൺഗ്രസിനെയും രാജ്യത്തെയും സോണിയാ കുടുംബത്തിൻ്റെ ആധിപത്യത്തിൽ കീഴിലാക്കുകയാണ് രാഹുലിൻ്റെ ലക്ഷ്യമെന്ന വിമർശനം ബിജെപി ശക്തമായി ഉയർത്തും. ഇത് കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.