ലണ്ടൻ : പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്റ്റിൻ്റെ കാബിനറ്റിൽ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേയ്ക്കെത്തുന്നത് ഇന്ത്യൻ വംശജ സുവേല ബ്രേവർമാൻ. നിലവിൽ ബ്രിട്ടീഷ് അറ്റോർണി ജനറലാണ് സുവേല. ഇന്ത്യൻ വംശജയായ നിലവിലുള്ള ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രാജി നൽകി. പുതിയ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമെന്ന് അവർ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണ് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലിസ് ട്രസ്റ്റ് കാബിനെറ്റിലെ ഏക ഇന്ത്യൻ വംശജയായിരിക്കും സുവേല ബ്രേവർമാനെന്ന് പിടിഎ റിപ്പോർട്ടു ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിച്ചവരിൽ ഒരാൾ കൂടിയാണ് സുവേല. ജൂലൈയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ അവർ പുറത്താവുകയായിരുന്നു.
അതേസമയം, മുൻ ധനകാര്യമന്ത്രിയും പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് മത്സരിച്ച എതിരാളിയുമായ റിഷി സുനക് പുതിയ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ കാബിനറ്റിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി.
അത്തരം ക്ഷണമുണ്ടായാൽ സ്വീകരിക്കില്ലെന്ന് റിഷി സുനകും വ്യക്തമാക്കിയതോടെയാണ് സാധ്യതകൾ അടഞ്ഞത്. അതേക്കുറിച്ച് താൻ ചിന്തിക്കുന്നേയില്ലെന്ന് ബിബിസിയോട് റിഷി സുനക് പ്രതികരിച്ചു.
ലിസ് ട്രസിൻ്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഗാർഡിയൻ റിപ്പോർട്ട്. നിലവിൽ പൊതുമരാമത്ത് പെൻഷൻ മന്ത്രിയായ തെരേസാ കോഫി, ട്രസ് സർക്കാരിൽ ആരോഗ്യ സെക്രട്ടറിയാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.