ആന്ധ്രപ്രദേശില്‍ 45 ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ സമരവുമായി സിപിഎം. ആന്ധ്രയിലെ ഏലൂര്‍ ജില്ലയിലെ ദോസപ്പാഡിലാണ് 400ഏക്കറോളം ഭൂമി തിരിച്ചുപിടിക്കാന്‍ സിപിഎമ്മും അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയനും സമരത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ദളിതുകള്‍ക്ക് കൈമാറിയ ഭൂമി നിയമവിരുദ്ധമായി ചിലര്‍ കയ്യടക്കുകയും പ്രദേശത്ത് മത്സ്യകൃഷി നടത്തുകയുമായിരുന്നു. ഈ ഭൂമി തിരിച്ചുപിടിക്കാനായാണ് സിപിഎം നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
2007 മുതല്‍ ആരംഭിച്ച സമരത്തിൻ്റെ രീതി കഴിഞ്ഞ ദിവസം മാറി. സമരത്തിൻ്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യകൃഷി നടത്തുന്ന കുളങ്ങള്‍ പിടിച്ചെടുത്ത് ദളിതുകള്‍ മത്സ്യ വിളവെടുപ്പ് നടത്തി. ടണ്‍ കണക്കിന് മത്സ്യമാണ് വിളവെടുത്തത്. ഇത് സമരക്കാര്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തു.സമരത്തെത്തുടര്‍ന്ന് പൊലീസും തഹ്സില്‍ദാറും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ 1977ലെ ഭൂമി കൈമാറ്റി നിരോധനനിയമത്തിന് വിരുദ്ധമായി കയ്യേറിയ ഭൂമി മടക്കി നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. അതുവരെ മത്സ്യവിളവെടുപ്പ് നടത്താന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.