തിരുവനന്തപുരം : നെയ്യാറ്റിൻകര തിരുപുറം പഞ്ചായത്തിൽ കർഷക കോൺഗ്രസ് സംഘടിപ്പിച്ച ഓണച്ചന്തയുടെ ഉദ്ഘാടനത്തിന് കോൺഗ്രസ് നേതാക്കൾ മാലയിട്ട് ചന്ദനത്തിരി കത്തിച്ചത് രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ. ഡിസിസി സെക്രട്ടറി വിനോദ് സെന്നാണ് രാഹുലിൻ്റെ ചിത്രത്തിനു മുന്നിൽ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചത്. അമിളി മനസിലാക്കിയപ്പോൾ പകരം രാജീവ് ഗാന്ധിയുടെ ചിത്രം കൊണ്ടുവെച്ച് നേതാക്കൾ തടിയൂരി.
യഥാർത്ഥത്തിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാനായിരുന്നത്രേ തീരുമാനം. എന്നാൽ കൊണ്ടുവന്നത് രാഹുൽ ഗാന്ധിയുടെ ചിത്രം. ഡിസിസി സെക്രട്ടറിമാരും മണ്ഡലം പ്രസിഡൻ്റും നേതൃത്വം നൽകിയ ചടങ്ങിൽ പക്ഷേ, ആർക്കും അബദ്ധം മനസിലായില്ല. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പികളിൽ പങ്കുവെച്ചപ്പോൾ ഇടതുപക്ഷ പ്രവർത്തകർ ട്രോളുകളിറക്കാൻ തുടങ്ങി. അപ്പോഴാണ് ചിത്രം മാറിയ വിവരം കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞത്.
പക്ഷേ, അപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ടു. എഐസിസി പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ മാലയിട്ട് വിളക്കുവെച്ചത് മനഃപ്പൂർവമാണെന്ന തരത്തിലായി ട്രോളുകൾ. ദേശീയ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശശി തരൂരിൻ്റെ ഉറ്റ അനുയായിയാണ് വിനോദ് സെൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലം നോട്ടമിടുന്ന വിനോദ് സെന്നിനെതിരെ എതിർഗ്രൂപ്പുകാർ ഈ അബദ്ധം ആയുധമാക്കുമെന്ന ചർച്ചയും ചൂടുപിടിക്കുന്നു.
രാഹുൽ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും തിരിച്ചറിയാത്തവരാണ് എന്ന ചീത്തപ്പേര് കർഷകച്ചന്തയുടെ സംഘാടകർക്ക് കിട്ടിയത് മിച്ചം. ചടങ്ങിൽ അഡ്വ. എസ്. കെ. അശോക് കുമാർ, മണ്ഡലം പ്രസിഡൻ്റ് തിരുപുറം രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.