2014നും 2022 ഫെബ്രുവരി വരെ കോണ്‍ഗ്രസ് വിട്ടത് 197 എംഎല്‍എമാരും എംപിമാരുമെന്ന് കണക്കുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR) തയ്യാറാക്കിയ കണക്കിലാണ് കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നത്. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കാണിത്.
കണക്ക് പ്രകാരം കോണ്‍ഗ്രസ് വിട്ട 197 ജനപ്രതിനിധികളില്‍ ഭൂരിപക്ഷം പേരും ചേര്‍ന്നത് ബിജെപിയിലാണ്. 84 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത് കൂടാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ എംഎല്‍എ/ എംപി സ്ഥാനാര്‍ത്ഥിയായിരുന്ന 806 പേര്‍ കോണ്‍ഗ്രസ് വിട്ടെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളില്‍ നിന്നുള്ളവരില്‍ അധികവും കൂറുമാറിയത് ബിജെപിയിലേക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 മുതല്‍ ഇതേവരെ ബിജെപിയില്‍ ചേര്‍ന്നത് 211 എംഎല്‍എമാരും എംപിമാരുമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ 84 പേരും കോണ്‍ഗ്രസില്‍ നിന്നാണ്. ബിഎസ്പിയില്‍ നിന്ന് 21 പേരും, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 17 പേരും, സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് 9 പേരും ബിജെപിയിലെത്തി. ഇതേ കാലയളവില്‍ ബിജെപിയില്‍ നിന്ന് 60 എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിട്ടെന്നും എഡിആര്‍ ചൂണ്ടിക്കാട്ടുന്നു.