ജോലി ഒഴിവാക്കി ഓണാഘോഷം നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടി. 11 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 7 പേര്‍ സ്ഥിരം ജീവനക്കാരാണ്. ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ബാക്കി നാലുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്, ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും.
സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി
ഓരോ അരിയിലും വിശക്കുന്ന മനുഷ്യൻ്റെ പ്രതിക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകാതിരിക്കാനാണ് ഈ നടപടിയെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഓണസദ്യയ്ക്കായ് തയ്യാറാക്കിയ ചോറും കറികളും എയറോബിക് ബിന്നില്‍ ഉപേക്ഷിച്ചത്. ജോലി ഒഴിവാക്കി ഓണാഘോഷം നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.