ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പോഷാകാഹാര പദ്ധതിയില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ് അക്കൗണ്ടന്റ് ജനറല്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബിജെപി സര്‍ക്കാരിൻ്റെ കീഴില്‍ നടന്ന കോടികളുടെ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിഭാവനം ചെയ്ത ‘റേഷന്‍ വീട്ടിലേക്ക്’ എന്ന പദ്ധതിയിലാണ് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. റേഷന്‍ എത്തിക്കുന്ന ട്രക്കുകളുടെ ചെലവ്, ഗുണഭോക്താക്കളുടെ എണ്ണം തുടങ്ങിയ സര്‍വതലങ്ങളിലും അഴിമതി നടന്നതായാണ് 36 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്
6 സ്ഥലങ്ങളില്‍ നിന്ന് 1125.64 മെട്രിക് ടണ്‍ റേഷന്‍ ട്രക്കുകളില്‍ വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ 6.94 കോടി രൂപ ചെലവായെന്നാണ് കണക്ക് കാണിച്ചിരിക്കുന്നത്. എന്നാല്‍ ട്രക്കുകളിലേ ആയിരുന്നില്ല ഈ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്. പകരം മോട്ടോര്‍ സൈക്കിളിലും ഓട്ടോകളിലുമായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി പെരുപ്പിച്ച് കാട്ടിയും ക്രമക്കേടി നടത്തിയെന്ന് ഓഡിറ്റില്‍ കണ്ടെത്തി. പദ്ധതിയുടെ ഗുണഭോക്താക്കളാകേണ്ട പെണ്‍കുട്ടികളുടെ എണ്ണം വെറും 9000 മാത്രമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ പറയുന്നത് 36.08 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തുവെന്നാണ്. 110 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് ഇങ്ങനെ നടന്നതെന്ന് എ ജി ചൂണ്ടിക്കാട്ടുന്നു
ഇത് കൂടാതെ 62.72 കോടി രൂപയുടെ 10,000 മെട്രിക് ടണ്‍ റേഷന്‍ വിതരണം ചെയ്തതായോ, സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിച്ചതിൻ്റെയോ വിവരവുമില്ല. ഇത് മറിച്ചുവിറ്റെന്നാണ് സംശയം.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്നെ കൈകാര്യം ചെയ്യുന്ന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലാണ് കോടികളുടെ അഴിമതി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപിയോ സംസ്ഥാന സര്‍ക്കാരോ ഇതേവരെ തയ്യാറായിട്ടില്ല