ബിജെപി ശക്തിദുര്‍ഗങ്ങളായ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിൻ്റെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തില്ല. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പര്യടനം നടത്തുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ റൂട്ട് ബിജെപിയുടെ പ്രധാന സ്വാധീന കേന്ദ്രങ്ങളായ സംസ്ഥാനങ്ങളിലൊന്നും കാര്യമായി പര്യടനം നടത്താത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ പര്യടനത്തിൻ്റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ യാത്ര കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന പേരില്‍ നടത്തുന്ന ജാഥാ പ്രധാന രാഷ്ട്രീയ എതിരാളിയുടെ ശക്തി കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയില്ലെങ്കില്‍ അത് ജാഥയുടെ മുദ്രാവാക്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.
യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാമെന്നത് ഇന്ത്യന്‍ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്ക്കുന്ന പ്രയോഗമാണ്. ഉത്തര്‍പ്രദേശ് പോലെ നിര്‍ണായകമായ സംസ്ഥാനത്ത് കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന പദയാത്ര പ്രവേശിക്കുന്നത് പേരിന് മാത്രം. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ശഹര്‍ മാത്രമാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന യാത്രയുടെ പ്രധാന കേന്ദ്രം. 80 ലോക്സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ ഒരു ജാഥാ കേന്ദ്രം മാത്രമുള്ളപ്പോള്‍ 20 ലോക്സഭാ മണ്ഡലങ്ങള്‍ മാത്രമുള്ള ചെറു സംസ്ഥാനമായ കേരളത്തില്‍ നിലമ്പൂര്‍, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിന് തൊട്ടടുത്തുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മൂന്ന് ജാഥാ കേന്ദ്രങ്ങളുണ്ട്. അപ്പോഴാണ് യുപിയില്‍ ഒരു കേന്ദ്രം മാത്രം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു. ജാഥ വിജയിപ്പിക്കാന്‍ പാര്‍ട്ടി സംഘടനാ സംവിധാനത്തിന് സാധിക്കില്ലെന്ന തിരിച്ചറിവും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പാര്‍ട്ടിക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ലെന്ന ബോധ്യവുമാണ് യുപിയിലെ പര്യടനം ചുരുക്കാന്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് കനത്ത പ്രതിസന്ധിലാണ്. നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ പര്യടനം നടത്തണമെന്ന് സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ ആവശ്യം നിരസിച്ചുകൊണ്ടാണ് യാത്രാ പ്ലാനില്‍ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയത്. ഹിമാചല്‍പ്രദേശും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ്. അവിടേക്കും രാഹുല്‍ ഗാന്ധി നേതൃത്വം നല്കുന്ന ജാഥ പ്രവേശിക്കുന്നില്ല. കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ജാഥ പര്യടനം നടത്തുന്നില്ല.
ചുരുക്കത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമാക്കിയുള്ള ജാഥയുടെ കേന്ദ്രങ്ങളാകട്ടെ കോണ്‍ഗ്രസിന് താരതമ്യേന സംഘടന ശേഷിയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം. രാജസ്ഥാന്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം. പാര്‍ട്ടി പുനരുജ്ജീവിക്കപ്പെടേണ്ട പ്രധാന സംസ്ഥാനങ്ങളെല്ലാം ലിസ്റ്റിന് പുറത്ത്. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടുന്നത് മധ്യപ്രദേശില്‍ മാത്രമാണ്.
എന്നാല്‍ പോര്‍ബന്തറില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്ക് മറ്റൊരു ജാഥ പരിഗണനയിലുണ്ടെന്നാണ് വിമര്‍ശനങ്ങള്‍ തണുപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ള കോണ്‍ഗ്രസ് വിശദീകരണം. പക്ഷേ വിപുലമായ തയ്യാറെടുപ്പോടെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പകരമാകില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
സെപ്റ്റംബര്‍ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ആരംഭിക്കുന്ന ജാഥ 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ശ്രീനഗറിലാണ് സമാപിക്കുക.