മണിപ്പൂരിലെ 5 ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് ആറ് എംഎല്‍എമാരാണ് ജെഡിയുവിനുണ്ടായിരുന്നത്. ബിജെപിയില്‍ ലയിച്ചതായി പരിഗണിക്കണമെന്ന ജെഡിയു എംഎല്‍എമാരുടെ അപേക്ഷ അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭ സെക്രട്ടറിയേറ്റ് ഇന്നലെ രാത്രി വാര്‍ത്താക്കുറിപ്പിറക്കി.
Hon'ble Speaker of the Manipur LA accepted the merger of the 5 JD(U) MLAs to BJP namely Kh.Joykishan Singh, Ngursanglur Sanate, Md. Achab Uddin, Thangjam Arunkumar, & L.M. Khaute.
Welcome to the BJP family!! @narendramodi @JPNadda @sambitswaraj @NBirenSingh @AShardaDevi pic.twitter.com/AthKHo3llC
— BJP Manipur (@BJP4Manipur) September 2, 2022
ജോയ് കിസാന്‍ സിംഗ്, ഗുര്സാഗ്ലൂര് സനാട്ടെ, മുഹമ്മദ് അച്ചബുദ്ദീന്, താങ്ചാം അരുണ്‍കുമാര്‍, എല്‍ എം കൗട്ടെ എന്നീ എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബാക്കിയുള്ള ഏക ജെഡിയു എംഎല്‍എ മുഹമ്മദ് നസീറും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹം നിലവില്‍ സംസ്ഥാനത്തിന് പുറത്താണുള്ളത്. തിരികെയെത്തിയാല്‍ ബിജെപി അംഗത്വമെടുക്കുമെന്നാണ് സൂചന.
അടുത്തിടെയാണ് ബിഹാറില്‍ ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് കൂടുതല്‍ എംഎല്‍എമാരുള്ള മറ്റൊരു സംസ്ഥാനമായ മണിപ്പൂരില്‍ പാര്‍ട്ടി എംഎല്‍എമാരെ ബിജെപി മൊത്തമായി വിലയ്ക്കെടുത്തത്. നേരത്തെ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് പുറത്തുനിന്ന് ജെഡിയു പിന്തുണ നല്‍കിയിരുന്നു. 5 ജെഡിയു എംഎല്‍എമാരുടെ ബിജെപി പ്രവേശനത്തോടെ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യം 37 ആയി ഉയര്‍ന്നു.