കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്. മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് ഏജന്‍സികളെക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ മാസം 18നകം സത്യവാങ്മൂലം നല്‍കണം. മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശമുണ്ടായിരിക്കുന്നത്.
മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് ഏജന്‍സികളെക്കുറിച്ചൊന്നും നിലവില്‍ ഇ.ഡി അന്വേഷണം നടത്തുന്നില്ല. ആര്‍ ബി ഐ അനുമതിയോടെ മസാലബോണ്ട് വഴി പണം സമാഹരിച്ച മറ്റൊരു ഏജന്‍സികള്‍ക്കെതിരെയുമില്ലാത്ത അന്വേഷണം എന്തുകൊണ്ട് കിഫ്ബിക്കെതിരെ നടത്തുന്നുവെന്ന് ഇ.ഡിക്ക് കോടതിയില്‍ വിശദീകരിക്കേണ്ടിവരും. ഇതാണ് ഇ.ഡിക്ക് കുരുക്കാകുന്നത്. കിഫ്ബി നിയമലംഘനം നടത്തിയതിനാലാണ് അന്വേഷണമെന്ന വാദം ആര്‍ബിഐ അനുമതി ചൂണ്ടിക്കാട്ടി കിഫ്ബി പ്രതിരോധിക്കും. ചുരുക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കമെന്നതിന് സാധൂകരണമാകും ഇ.ഡി നല്‍കാന്‍ പോകുന്ന മറുപടി.
അതേസമയം കിഫ്ബി വിഷയത്തില്‍ ഇ.ഡി അയച്ച സമന്‍സുകള്‍ക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ മറുപടി നല്‍കാന്‍ ഇ.ഡി വീണ്ടും സമയം തേടുകയായിരുന്നു.