കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമാകും തെരഞ്ഞെടുപ്പ് നടക്കുക. അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ 19ന് വോട്ടെണ്ണലും നടക്കും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് 2000ലായിരുന്നു. സംഭവ ബഹുലമായിരുന്നു 2000ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതിൻ്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ.
സോണിയാ ഗാന്ധി vs ജിതേന്ദ്ര പ്രസാദ
1999ൻ്റെ തുടക്കം മുതല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന കലാപമാണ് 2000ലെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശരദ് പവാര്‍, പി എ സാംഗ്മ, താരിഖ് അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സോണിയഗാന്ധിക്കെതിരായ പരസ്യപ്പോര്. പോരിനൊടുവില്‍ ഈ നേതാക്കള്‍ക്കെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാനോ, പുറത്താക്കപ്പെടാനോ ആയിരുന്നു വിധി. എന്നാല്‍ കലാപക്കൊടിയുമായി ചിലര്‍ അപ്പോഴും പാര്‍ട്ടിയില്‍ തുടര്‍ന്നു. രാജേഷ് പൈലറ്റ്, ജിതേന്ദ്ര പ്രസാദ തുടങ്ങിയ നേതാക്കളായിരുന്നു സോണിയ ഗാന്ധിയുമായി പോര് തുടര്‍ന്നത്. ഇതിനിടെ രാജേഷ് പൈലറ്റ് അപകടത്തില്‍ മരിച്ചു. ഇതോടെ ജിതേന്ദ്ര പ്രസാദ വിമതരില്‍ പ്രമുഖനായി. ഈ കലാപത്തിന് പരിസമാപ്തി കുറിക്കാന്‍ ലക്ഷ്യമിട്ടാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2000 നവംബറിലായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗിക വിഭാഗത്തിൻ്റെ സ്ഥാനാര്‍ത്ഥി സോണിയാ ഗാന്ധിയും വിമത വിഭാഗത്തിനായി ജിതേന്ദ്ര പ്രസാദയും കളത്തിലിറങ്ങി.
തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത് . സോണിയ ഗാന്ധി 7,542 വോട്ടുകള്‍ക്ക് വിജയിച്ച തെരഞ്ഞെടുപ്പില്‍ ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ചത് വെറും 94 വോട്ടുകള്‍.
തടികേടായ ജിതേന്ദ്ര പ്രസാദ
അന്ന് സോണിയാ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അത്ര ചില്ലറ കാര്യമായിരുന്നില്ല. സര്വാധികാരങ്ങളുമായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ സോണിയാഗാന്ധിക്കെതിരെ മത്സരത്തിന് തയ്യാറായതിന്റെ പേരില്‍ ജിതേന്ദ്ര പ്രസാദയ്ക്ക് ശാരീരിക ആക്രമണം വരെ നേരിടേണ്ടിവന്നു.
നാമനിര്‍ദേശ പത്രിക നല്കാന് എ ഐ സി സി ഓഫീസിലേക്ക് യാത്ര തിരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് നേരിടേണ്ടിവന്നത് സോണിയാ ബ്രിഗേഡുകളുടെ ആക്രമണമായിരുന്നു. അങ്ങനെ സ്വന്തം തടികേടാക്കിക്കൊണ്ടായിരുന്നു ജിതേന്ദ്ര പ്രസാദ മത്സരിക്കാന്‍ തയ്യാറയത് തന്നെ. രാഹുല്‍ ബ്രിഗേഡിൻ്റെ ഭാഗമായിരുന്ന ജിതിന് പ്രസാദയുടെ പിതാവാണ് ജിതേന്ദ്ര പ്രസാദ. ജിതിന് പ്രസാദ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്.
അന്നും ഇന്നും സാമ്യങ്ങളേറേ
2000ലെയും 2022ലെയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ കാര്യത്തില്‍ ഏറെ സാമ്യതകളുണ്ട്. അതില്‍ പ്രധാനം ഈ രണ്ട് തെരഞ്ഞെടുപ്പിനും വഴിയൊരുക്കിയത് ഗാന്ധി കുടുംബത്തിനെതിരായ വികാരമാണെന്നതാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരായിരുന്നുവെങ്കില് ഇന്ന് ആ വികാരം പാര്‍ട്ടിയെ റിമോട്ട് കണ്ട്രോളില് നയിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെയാണ്. അന്ന് സോണിയാ ഗാന്ധിക്കെതിരെ വിമതശബ്ദമുയര്‍ത്തി ശരദ്പവാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിവിട്ടതോടെയാണ് നേതൃത്വത്തിന് തെരഞ്ഞെടുപ്പിന് വഴങ്ങേണ്ടി വന്നത്.
ഇന്നും സ്ഥിതി അതുതന്നെ. ഗുലാം നബി ആസാദ്, കപില്‍ സിബല്‍ അങ്ങനെ നേതാക്കള്‍ അനവധി പാര്‍ട്ടിവിട്ടു. ഇതുണ്ടാക്കിയ പ്രതിസന്ധിയും തിരിച്ചറിവുമാണ് 2022 തെരഞ്ഞെടുപ്പിന് ആധാരം. ഇത് കൂടാതെ വോട്ടര്‍ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കമാണ് മറ്റൊരു സാമ്യത.
വോട്ടര്‍പട്ടിക അഥവാ തര്ക്കപട്ടിക
കോണ്‍ഗ്രസില്‍ എന്നെല്ലാം തെരഞ്ഞെടുപ്പ് നടന്നോ അന്നെല്ലാം തെരഞ്ഞെടുപ്പ് വോട്ടര്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കവും പതിവാണ്. വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാതെ ഔദ്യോഗിക നേതൃത്വം അത് രഹസ്യമാക്കി വയ്ക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ വോട്ടര്‍മാരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനിക്കുമെന്ന വിചിത്രവാദമാണ് വോട്ടര്‍പട്ടികയിലെ രഹസ്യാത്മകതയ്ക്ക് ന്യായീകരണമായി ഔദ്യോഗിക നേതൃത്വം പറയുന്നത്. ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട പിസിസികളില്‍ നിന്ന് വോട്ടര്‍പട്ടിക ലഭിക്കുമെന്നാണ് വിശദീകരണം. ഔദ്യോഗിക വിഭാഗ സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍ പട്ടിക കാര്യമായ അധ്വാനമില്ലാതെ ലഭിക്കുകയും എതിര് സ്ഥാനാര്‍ത്ഥി അത് കഷ്ടപ്പെട്ട് സംഘടിപ്പിക്കണമെന്നുമാണ് ഈ തീരുമാനത്തിന്റെ പ്രശ്നം. പണ്ട് സീതാറാം കേസരിക്കെതിരെ ശരദ് പവാറും രാജേഷ് പൈലറ്റും മത്സരിച്ചപ്പോള്‍ പട്ടികയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. 2000 തെരഞ്ഞെടുപ്പിലും സ്ഥിതി അതുതന്നെ. തെരഞ്ഞെടുപ്പിന് ശേഷം ജിതേന്ദ്ര പ്രസാദ പറഞ്ഞത് മാച്ച് ഫിക്സിംഗ് നടന്നുവെന്നാണ്. വോട്ടര്‍ പട്ടിക ലഭ്യമാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജിതേന്ദ്ര പ്രസാദയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കുമായിരിക്കില്ല. പക്ഷേ സോണിയാ ഗാന്ധിക്ക് നേര്‍ക്ക് നേര് ഏറ്റുമുട്ടാമായിരുന്നുവെന്നും ഈ വോട്ടര്‍ പട്ടികയിലെ സുതാര്യതയില്ലായ്മ ഉന്നയിച്ചുകൊണ്ട് ജിതേന്ദ്ര പ്രസാദ പറയുകയുണ്ടായി. ഇത്തവണയും സ്ഥിതി അതുതന്നെ. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയവര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാതെയുള്ള തെരഞ്ഞെടുപ്പിന് വിശ്വാസ്യതയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
എതിരാളിയുടെ ഭാവി ?
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഇന്നലെയെന്തായിരുന്നുവെന്നത് കൗതുകമായിരുന്നുവെങ്കില്‍ ഇനി നാളെയെന്താവുമെന്നതിലാണ് ആകാഷയെല്ലാം. 2000ലെ തെരഞ്ഞെടുപ്പില്‍ മൃഗീയ വിജയമായിരുന്നു സോണിയാ ഗാന്ധി സ്വന്തമാക്കിയത്. ഇത്തവണ അത്ര ഏകപക്ഷീയമായിരിക്കില്ല തെരഞ്ഞെടുപ്പെന്ന് വേണം നിലവിലെ അന്തരീക്ഷത്തില്‍ നിന്ന് മനസിലാക്കാന്‍. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ അവരുടെ നോമിനായി അശോക് ഗെഹ്ലോട്ട് മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
എതിരാളിയാരെന്നതിലും വ്യക്തത വന്നിട്ടില്ല. എങ്കിലും മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കുന്ന ആ എതിരാളിയുടെ ഭാവിയെന്തായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്‍പ് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിൻ്റെ പ്രതികാരങ്ങള്‍ കാര്യമായി നേരിടേണ്ടി വന്നിട്ടില്ല. കാരണം തെരഞ്ഞെടുപ്പ് നടന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ജിതേന്ദ്ര പ്രസാദ അന്തരിച്ചു. 2021 ജനുവരിയിലായിരുന്നു അദ്ദേഹത്തിൻ്റെ നിര്യാണം. പക്ഷേ 2022ല്‍ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസിൻ്റെ ഭാവിയോടൊപ്പം ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ ഭാവി കൂടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടാന്‍ പോകുന്നത്.