സാധനങ്ങള്‍ക്ക് മനപ്പൂര്‍വം വിലകൂട്ടിയതിന് മേഘാലയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബെര്‍ണാഡ് മാരകിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളെ പെണ്‍വാണിഭകേന്ദ്രം നടത്തിയതിന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസും അറസ്റ്റും.
ബെര്‍ണാഡ് മാരക് നേതൃത്വം നല്കുന്ന ചേംബര്‍ ഓഫ് കൊമേഴ്സിൻ്റെ നിര്‍ദേശ പ്രകാരം മേഘാലയയിലെ ടൂറ മേഖലയിലെ കച്ചവടക്കാര്‍ പച്ചക്കറി, മുട്ട, പഴം, മാസം തുടങ്ങിയ സാധനങ്ങള്‍ക്ക് ബോധപൂര്‍വം വിലകൂട്ടുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി നേതാവിൻ്റെ നേതൃത്വത്തിലുള്ള ചേംബര്‍ ഓഫ് കൊമേഴ്സ് കടയുടമകളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുകകയാണ്. കൂടുതല്‍ പണം നല്‍കാനായി സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ ബിജെപി നേതാവും സംഘടനയും കടയുടമകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുകയായിരുന്നുവെന്ന് വെസ്റ്റ് ഗാരോ ഹില്‍സ് എസ് പി വിവേകാനന്ദ് ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിൻ്റെ അനുമതിയോടെയാണ് ബിജെപി നേതാവിൻ്റെ അറസ്റ്റ്. കേസില്‍ ഇയാളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.