കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിൽ. തെരഞ്ഞെടുപ്പ് നടപടി ക്രമത്തെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി രംഗത്തു വന്നു. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുറത്തു വിട്ടിട്ടില്ല. സത്യസന്ധവും സുതാര്യമായ തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുമെന്നും മനീഷ് തിവാരി ചോദിച്ചു.
വോട്ടർ പട്ടിക കാണണമെങ്കിൽ രാജ്യത്തെ എല്ലാ പിസിസികളെയും സമീപിക്കാൻ പറയുന്നത് എന്ത് കൊണ്ടാണ്. നാമനിർദേശ പ്രതിക സമർപ്പിക്കുന്നതിന് മുൻപ് വോട്ടർ പട്ടിക കാണേണ്ടതല്ലേ എന്നും ജി-23 നേതാവ് മനിഷ് തിവാരി ചോദിച്ചു. നേരത്തെ ഇതേ ആരോപണം ജി-23 നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ആനന്ദ് ശർമയും ഉന്നയിച്ചിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തട്ടിപ്പാണെന്ന് ആനന്ദ് ശർമ ആരോപിച്ചത് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണഘടനാപ്രകാരമുള്ള നടപടികൾ പാലിക്കുന്നില്ല. വോട്ടർപട്ടിക തയ്യാറാക്കാൻ എവിടെയും യോഗം ചേർന്നിട്ടില്ല. നിരവധി പരാതികൾ ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യേണ്ട പ്രതിനിധികളുടെ പട്ടിക പിസിസികൾക്ക് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയെത്തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികൾ. വോട്ടർപട്ടിക പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാകണമെന്നും ആനന്ദ് ശർമ വ്യക്തമാക്കി.
എല്ലാ തെരഞ്ഞെടുപ്പുകൾക്കും വ്യക്തമായി നിർവചിക്കപെട്ട ഇലക്ടറൽ കോളേജ് ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് കാർത്തിക് ചിദംബരം എംപിയും ട്വീറ്റ് ചെയ്തു. അതേസമയം ഒമ്പതിനായിരത്തിലധികം വോട്ടർമാരുണ്ടെന്നും, വോട്ടർ പട്ടികയുടെ പരിശോധന പൂർത്തിയായെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ഒക്ടോബർ 17നാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ.