ബീഹാറിൽ ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മണിപ്പൂരിലും ബിജെപി സഖ്യം മുറിക്കാൻ ജെഡിയു. മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള ജെഡിയുവിൻ്റെ പിന്തുണ പിൻവലിക്കുമെന്നാണ് സൂചന. അറുപത് സീറ്റുള്ള മണിപ്പൂർ നിയമസഭയിൽ ജെഡിയുവിന് ഏഴ് എംഎൽഎമാരുണ്ട്. 55 എംഎൽഎമാരുള്ള ബിരെൻ സിങ് സർക്കാരിന് ജെഡിയു പിന്തുണ പിൻവലിച്ചാൽ 48 എംഎൽഎമാരാകും.
അറുപതംഗ നിയമസഭയിൽ ഭരിക്കാൻ മുപ്പത്തിയൊന്ന് എംഎൽഎമാരുടെ പിന്തുണ മതി. ജെഡിയു സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാലും ബിജെപിക്ക് ഭരിക്കാനാകും. സെപ്റ്റംബർ 3-4 തീയതികളിൽ പാറ്റ്നയിൽ വെച്ച് നടക്കുന്ന ജെഡിയു നാഷണൽ എക്സിക്യൂട്ടിവ് സമ്മേളനത്തിൽ വെച്ചാവും അന്തിമ തീരുമാനമെടുക്കുക.
നേരത്തെ ബീഹാറിലും ജെഡിയു ബിജെപി സഖ്യം ഉപേക്ഷിച്ചിരുന്നു. ജെഡിയു സഖ്യം ഉപേക്ഷിച്ചതോടെ ബീഹാറിൽ ബിജെപിക്ക് ഭരണം നഷ്ടമായി.
ബീഹാറിൽ ജെഡിയുവിന്റെ പുതിയ സഖ്യം തേജസ്വി യാദവിൻ്റെ ആർജെഡിയുമായാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജെഡിയു അഖിലേന്ത്യാ അധ്യക്ഷൻ.