അഹമ്മബാദ് – “രണ്ടോ മൂന്നോ ദിവസം മാംസം കഴിക്കാതിരുന്നുകൂടേ”. ഉത്സവവേളയിൽ കശാപ്പുശാല അടച്ചിടണമെന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കവെ, ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ചോദ്യം. പർയൂഷൻ പർവ എന്ന ഉത്സവത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 24 മുതൽ 31 വരെയും തുടർ പരിപാടികളുടെ ഭാഗമായി സെപ്തംബർ 5 മുതൽ 9 വരെയും അഹമ്മദാബാദിലെ ഏക കശാപ്പുശാല അടച്ചിടണമെന്നായിരുന്നു കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനം.
ഇതിനെതിരെ കുൽ ഹിന്ദ് ജംയത്ത് അൽ ഖുറേഷ ആക്ഷൻ കൗൺസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് ഭട്ട് ഹർജിക്കാരെ നിശിതമായി വിമർശിച്ചത്. ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച കോടതി കേസ് പരിഗണിക്കുന്നത് സെപ്തംബർ 2ലേയ്ക്ക് നീട്ടി.
“അവസാന നിമിഷം നിങ്ങളെന്തിനാണ് ഇങ്ങോട്ട് ഓടി വരുന്നത്. ഇതൊന്നും ഞങ്ങൾ അനുവദിക്കില്ല. എല്ലാ സീസണിലും നിങ്ങൾ കോടതിയിലേയ്ക്ക് പാഞ്ഞു വരുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം മാംസാഹാരം നിങ്ങൾക്ക് വേണ്ടെന്നു വെയ്ക്കാവുന്നതേയുള്ളൂ… ” എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.
ഏത് ഭക്ഷണം കഴിക്കണമെന്നത് മൗലികാവകാശത്തിൽപ്പെട്ട കാര്യമാണെന്നും അത് ഒരു നിമിഷം പോലും മാറ്റിവെയ്ക്കാനാവുന്നതല്ലെന്നുമാണ് ഹർജി നൽകിയ സംഘടനയുടെ പ്രതിനിധിയായ ഡാനിഷ് ഖുറേഷി റാസാവാലയുടെ പ്രതികരണം. ജനങ്ങളുടെ ആഹാരശീലങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്ന് ഇതേ കോടതി കഴിഞ്ഞ ഡിസംബറിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെട്ട കാര്യവും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
വഴിയോരക്കച്ചവട നിയന്ത്രണ നിയമത്തിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് മുനിസിപ്പൽ കോർപറേഷനെ ഹൈക്കോടതി നിശിതമായി വിമർശിച്ചത്.
“നിങ്ങൾ മാംസാഹാരം കഴിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ കാര്യം. മറ്റുള്ളവരെന്തു കഴിക്കണമെന്ന് നിശ്ചയിക്കാൻ നിങ്ങൾക്കെന്ത് അവകാശം? ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ നിങ്ങൾക്കെങ്ങനെ കഴിയും” എന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ ചോദ്യം.