അസം സർക്കാർ ഒരു മദ്രസ കൂടി പൊളിച്ചു മാറ്റി. ബോംഗൈഗാവ് ജില്ലയിലുള്ള മദ്രസയാണ് സർക്കാർ പൊളിച്ച് മാറ്റിയത്. മദ്രസയ്ക്ക് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പോലീസ് ആരോപിച്ചു. ഇതേ തുടർന്നാണ് മദ്രസ പൊളിച്ചുമാറ്റിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മദ്രസയിലെ അധ്യാപകനായ മുഫ്തി ഹഫീസുർ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഫ്തി ഹഫീസുർ റഹ്മാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ അംഗമാണെന്നാണ് പോലീസ് ആരോപിച്ചു. അതിനു പിന്നാലെയാണ് കബൈതരിയിലെ മർകസുൽ മആരിഫ് ഖരിയാന മദ്രസയുടെ രണ്ട് നിലകളുള്ള കെട്ടിടം പൊളിച്ചു മാറ്റിയത്. എട്ട് ബുൾഡോസറുകളാണ് ജില്ലാ ഭരണകൂടം ഇതിനായി ഉപയോഗിച്ചത്. അസമിൽ ബിജെപി സർക്കാർ ഈ മാസം പൊളിക്കുന്ന മൂന്നാമത്തെ മദ്രസയാണിത്.
മദ്രസ പൊളിച്ചു മാറ്റുന്നതിന് മുൻപ് മുഫ്തി റഹ്മാനുമായി മദ്രസയിൽ എത്തിയ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സുപ്രധാനമായ പല രേഖകളും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. അതിനു ശേഷമാണു മദ്രസയ്ക്ക് നേരെ ബുൾഡോസർ ഉപയോഗിച്ചത്. ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഈ മദ്രസിയിൽ പഠിച്ചിരുന്നത്. ഇവരെ ഓഗസ്റ്റ് മുപ്പതിനു തന്നെ അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു.