കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തട്ടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ ആരോപണം ഉന്നയിച്ചത്. പതിവിന് വിപരീതമായി അര മണിക്കൂറാണ് പ്രവർത്തക സമിതി യോഗമുണ്ടായത്. ഓൺലൈനായാണ് യോഗം ചേർന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണഘടനാപ്രകാരമുള്ള നടപടികൾ പാലിക്കുന്നില്ല. വോട്ടർപട്ടിക തയ്യാറാക്കാൻ എവിടെയും യോഗം ചേർന്നിട്ടില്ല. നിരവധി പരാതികൾ ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യേണ്ട പ്രതിനിധികളുടെ പട്ടിക പിസിസികൾക്ക് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയെത്തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികൾ. വോട്ടർപട്ടിക പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാകണമെന്നും ആനന്ദ് ശർമ പറഞ്ഞു.
അതേസമയം ഒമ്പതിനായിരത്തിലധികം വോട്ടർമാരുണ്ടെന്നും, വോട്ടർ പട്ടികയുടെ പരിശോധന പൂർത്തിയായെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി പറഞ്ഞു. ഒക്‌ടോബർ 17നാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ.