റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബിജെപി നേതാവിൻ്റെ വീട്ടില്‍നിന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ച മഥുര റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും മോഷ്ടിച്ച കുഞ്ഞിനെയാണ് ഫിറോസാബാദിലെ ബിജെപി കൗണ്‍സിലറായ വിനീത അഗര്‍വാളുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന റാക്കറ്റിനെ പിന്തുടര്‍ന്ന പൊലീസ് ഒടുവിൽ ചെന്നെത്തിയത് ബിജെപി നേതാവിൻ്റെ വീട്ടില്‍. വിനീതയും ഭര്‍ത്താവും ചേര്‍ന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ട രണ്ടു ഡോക്ടര്‍മാരില്‍നിന്ന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇവര്‍ ഉള്‍പ്പെടെ സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികള്‍ നല്കിയ പണം ഡോക്ടര്‍മാരില്‍നിന്നു കണ്ടെടുത്തു. കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറിയതായി പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ മഥുര റെയില്‍വേ സ്റ്റേഷനില്‍നിന്നു തട്ടിക്കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
”ദീപ് കുമാര്‍ എന്നയാളാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിൻ്റെ ഭാഗമായ രണ്ടു ഡോക്ടര്‍മാരുടെതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ള ആളുകളാണ്.”- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.