കോൺഗ്രസ് മാറില്ലെന്ന് ചിന്തിക്കുന്ന നേതാക്കൾ പാർട്ടി വിടണമെന്ന് ഗുലാം നബി ആസാദ്. രാജ്യ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നിന്ന് രാജിവെക്കാനുള്ള കാരണത്തെക്കുറിച്ചും ഗുലാം നബി ആസാദ് വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് രാജി വയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു. ഞാൻ എൻ്റെ വീട് വിട്ടുപോകാൻ നിർബന്ധിതനായി. തന്നെ നയിക്കുന്നത് മോദിയാണെന്നു പറയുന്നത് ശരിയല്ല. പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ല. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം കാത്തിരുന്നു. രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം. കെസി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല. വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു. ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല. കോൺഗ്രസ് ഇനി ഒരിക്കലും മാറില്ല. കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്ന നേതാക്കൾ കോൺഗ്രസിൽ നിന്ന് പുറത്തു വരണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജി-23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് എഴുതിയ ശേഷം നിരവധി യോഗങ്ങൾ ചേർന്നു. പക്ഷേ തങ്ങൾ നൽകിയ ഒരു നിർദ്ദേശം പോലും സ്വീകരിച്ചില്ല. വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ പാർട്ടിയിലെ കൺസൾട്ടേറ്റീവ് മെക്കാനിസം തകർത്തു എന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വെറും നാമമാത്രമായ പ്രസിഡന്റാണ്. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും എടുത്തത് രാഹുൽ ഗാന്ധിയും അതിലും മോശമായ അദ്ദേഹത്തിൻ്റെ സുരക്ഷാ ഗാർഡുകളും പിഎമാരുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഗുലാം നബിയുടെ രാജിക്ക് പിന്നാലെ കശ്മീരിലെ മുൻ മന്ത്രിയടക്കം അഞ്ച് കോൺഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു. രാജിവെച്ചവർ വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രാജിവെക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് മഹാറാലി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന റാലിയിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ രാജിവെക്കുമെന്നും സൂചനയുണ്ട്.