തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിൽ പട്ടികവിഭാഗക്കാർക്ക് സുരക്ഷിത ഭവനമൊരുക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാന്‍ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സേഫ് – ”സെക്യൂര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്” എന്നു പേരിട്ട പദ്ധതി. നിയമസഭയിലാണ് പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി കെ രാധാകൃഷ്ണൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് ഭവന പൂര്‍ത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിച്ച വീടുകളില്‍ സുരക്ഷിതമായ മേല്‍ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല്‍ ചെയ്ത തറ, ബലപ്പെടുത്തിയ ചുമര്‍, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. വീടിൻ്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്ന കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് സേഫ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേവലമൊരു നിര്‍മ്മിതിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകും. വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. 2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങളാണ് സേഫില്‍ പരിഗണിക്കുക.
ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പുതിയ പദ്ധതി നിയമസഭയില്‍ പ്രഖ്യാപിച്ചത്.