ഡൽഹി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് വിശ്വാസ പ്രമേയം അവതരിപ്പിക്കും. കെജ്രിവാൾ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. എല്ലാ ആം ആദ്മി പാർട്ടി എംഎൽഎമാരും തനിക്കൊപ്പമാണെന്ന് കെജ്രിവാളിന് തെളിയിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി എംഎൽഎമാർക്ക് ബിജെപി ഇരുപത് കോടി വാദ്ഗാനം ചെയ്തതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎമാർ കൂറുമാറില്ലെന്ന് തെളിയിക്കാൻ അരവിന്ദ് കെജ്രിവാൾ വിശ്വാസ വോട്ടിന് തയ്യാറെടുക്കുന്നത്.
സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി 5500 കോടി ചെലവഴിച്ചെന്നും ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. വിവിധ പാർട്ടികളിൽ നിന്ന് എംഎൽഎമാരെ വാങ്ങാനാണ് ബിജെപി 5500 കോടി ചെലവിട്ടത്. വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് ജയിച്ച 277 എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേർന്നു. അവർക്ക് 20 കോടി വീതം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ ആകെ 277 എംഎൽഎമാർക്കായി 5500 കോടിയാണ് ബിജെപി ചെലവാക്കിയത്. ബിജെപിയുടെ ഈ കുതിരക്കച്ചവടമാണ് രാജ്യത്ത് നാണ്യപ്പെരുപ്പം വർധിപ്പിക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ബിജെപി എംഎൽഎമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവിൽ എംഎൽഎമാരെ വാങ്ങുകയാണ് ബിജെപി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണെന്നും കെജ്രിവാൾ പറഞ്ഞു.
ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കെജ്രിവാള് പാർട്ടി എംഎൽഎമാർക്കൊപ്പം മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ പ്രാർത്ഥന നടത്തിയിരുന്നു. പിന്നാലെ കെജ്രിവാളിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ പാർട്ടിയിലെ 62 എംഎൽഎമാരിൽ 53 പേർ പങ്കെടുത്തിരുന്നു. മറ്റ് എംഎൽഎമാരെ കാണാനില്ലെന്നും ആരോപണമുണ്ടായി.