സംഘപരിവാറിനെതിരായ പോരാട്ടത്തിൽ പാർട്ടി പിന്തുണച്ചില്ലെന്നും രാജിവെക്കുകയാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. തൃശൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജയകൃഷ്ണനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാകയെ അപമാനിച്ചെന്ന് ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
എല്ലാ ഭാരതീയരും രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈലാക്കണമെന്ന് മോഡി ആഹ്വനം നൽകിയിരുന്നു. ഇത് ഇന്ത്യൻ ഫ്ലാഗ് കോഡിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയകൃഷ്ണൻ ഡിജിപിക്കും സൈബർ സെല്ലിനും പരാതിയും നൽകിയിരുന്നു. തൻ്റെ പരാതിയിൽ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ആരോപിച്ചാണ് ജയകൃഷ്ണൻ രാജിവെച്ചത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറുന്നു. തിരിച്ചുവരുന്നു എന്നൊക്കെ പറയുമ്പോഴും ബഹുഭൂരിഭാഗവും പഴയപടി തന്നെയാണെന്നുള്ളതാണ് സങ്കടകരമായ യാഥാർത്ഥ്യം. മാറ്റം വരണം. താഴെത്തട്ടിലേക്ക് നേതാക്കളുടെ നോട്ടമെത്തണം. ഒരു കോൺഗ്രസുകാരന്റെ അവസാന പ്രാർത്ഥനയും അഭ്യർത്ഥനയുമാണിത്. സംഘപരിവാറിനെതിരെയുള്ള ഈ പോരാട്ടത്തിൽ എന്നെ ഒറ്റപ്പെടുത്തിയവരോട് ചേർന്നുനിന്ന് ഇനിയും പ്രവർത്തിക്കാൻ കഴിയില്ല. പലരും ഈ പോരാട്ടത്തിൽ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ കൂടെ നിന്ന് ധൈര്യം നൽകിയവയോരോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് ജയകൃഷ്ണൻ പറഞ്ഞു.