സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച വാഹനം എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്ന് കണ്ടെത്തി. വാഹനങ്ങൾ ഓഫീസിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു ബൈക്കും സ്കൂട്ടറും ഉൾപ്പടെ രണ്ടു വാഹനങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. തമ്പാനൂർ പോലീസാണ് വാഹനങ്ങൾ കണ്ടെടുത്തത്. വാഹനത്തിനൊപ്പം പ്രതികൾ ഉപയോഗിച്ച മൂന്ന് ഫോണുകളും എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്ന് കണ്ടെത്തി.
ഓഗസ്റ്റ് 27 ന് പുലർച്ചെ രണ്ടുമണിക്ക് മൂന്ന് ബൈക്കുകളിലായെത്തിയ ബിജെപി പ്രവർത്തകർ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ചത്. ഇതിൽ രണ്ട് വാഹനങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ വാഹനങ്ങൾ പതിഞ്ഞിരുന്നെങ്കിലും വാഹനങ്ങളുടെ നമ്പർ വ്യക്തമായിരുന്നില്ല.
കേസിൽ എബിവിപി പ്രവർത്തകരായ മൂന്ന് പ്രതികൾ പിടിക്കപെട്ടതോടെയാണ് വാഹനങ്ങളെക്കുറിച്ചും ഫോണുകളെ കുറിച്ചുമുള്ള വിവരം പോലീസിന് ലഭിച്ചത്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ പിടിക്കപ്പെട്ടതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.