കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് കൂടി പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ രാജ്യസഭാംഗം എം എ ഖാനാണ് രാജിവെച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി. രാജിവെച്ച ശേഷം എം എ ഖാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് പഴയ പ്രതാപം വീണ്ടെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു. പാർട്ടി പൂർണമായും പരാജയപ്പെട്ടു. 40 വർഷത്തോളം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും എം എ ഖാൻ പറഞ്ഞു.
രാഹുൽ ഗാന്ധി ഉപാധ്യക്ഷനായത് മുതലാണ് പാർട്ടി പരാജയമായത്. മുതിർന്ന പ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല. ജി-23 നേതാക്കളുടെ നിർദേശങ്ങളെ വിമത സ്വരമായാണ് കോൺഗ്രസ് നേതൃത്വം കണ്ടത്. അവർ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.
മുതിർന്ന നേതാക്കൾ രാജി വെയ്ക്കാൻ നിർബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാൻ ഒരുവിധ നടപടിയും കോൺഗ്രസ് നേതൃത്വത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നെഹ്റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആർജവത്തോടെ പ്രവർത്തിക്കാൻ രാഹുൽ ഗാന്ധിയോ കോൺഗ്രസോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് എം എ ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. ഗുലാം നബി ആസാദും രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഗുലാം നബിയെ പിന്തുണച്ച് മുൻ മന്ത്രിയടക്കം ജമ്മുകശ്മീരിൽ അഞ്ച് കോൺഗ്രസ് നേതാക്കളും രാജിവെച്ചു. സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് നയിക്കുന്ന മഹാറാലിയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ച് ഗുലാം നബി ആസാദിനൊപ്പം ചേരുമെന്നും സൂചനയുണ്ട്.