കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബർ പതിനേഴിന്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് സെപ്റ്റംബർ ഇരുപത്തിനാലു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മുപ്പതാണ്.
ഇന്ന് വൈകീട്ട് 3.30ന് വെർച്വൽ മോഡിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വെള്ളിയാഴ്ച കോൺഗ്രസിൽ നിന്ന് രാജിവച്ച പശ്ചാത്തലത്തിലാത്തിലാണ് അടിയന്തരമായി യോഗം ചേർന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പുറമെ ഗുലാം നബി ആസാദിന്റെ രാജിയും യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്നു. കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി-23 നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെടുകയും നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് നടക്കാനിരിക്കെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കോൺഗ്രസിന് ആശ്വാസമാകും. അതേസമയം സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് നയിക്കുന്ന മഹാറാലിയിൽ കൂടുതൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.