ആനാവൂർ നാഗപ്പനെ വധിക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എം വി ജയരാജൻ.
ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണിത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങൾ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ്. പാർട്ടി അണികൾ പ്രകോപനങ്ങളിൽ വീഴരുത്. കേന്ദ്ര ഭരണത്തിൻ്റെ അഹങ്കാരത്തിലുള്ള ആക്രമണമാണ് ബിജെപി നടത്തുന്നത്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ ക്ഷേത്രത്തിന്റെ കീഴിലുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയുടെ നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. ക്ഷേത്ര കമ്മറ്റിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതിയാണെന്നും എം.വി.ജയരാജൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫിസിനു നേരെയും, സിപിഐ(എം) വനിതാ കൗൺസിലർക്കെതിരെയും ആർഎസ്എസ് ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ വീട് അക്രമിച്ചത്. ഓഗസ്റ്റ് 27ന് പുലർച്ചെ രണ്ടുമണിക്കാണ് സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആർഎസ്എസ് – ബിജെപി സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ വാഹനത്തിൻ്റെ ചില്ല് തകർന്നിരുന്നു. പ്രതികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 26 നാണ് തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർ സിപിഐ(എം) വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെയാണ് ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഗായത്രി ബാബു ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന് നേരിട്ട് പങ്കുണ്ടെന്നും ആരോപണമുണ്ട്.