ബിജെപി അക്ഷരാഭ്യാസമില്ലാത്തവരുടെ പാർട്ടിയാണെന്ന് മനീഷ് സിസോദിയ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആം ആത്മി പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗമാണ്. സ്‌കൂളുകൾ നിർമ്മിക്കുന്നതിൽ ആം ആദ്മി സർക്കാർ അഴിമതി നടത്തിയെന്ന് ബി ജെ പി ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം വിദ്യാഭ്യാസമില്ലാത്ത അവസ്ഥയിലാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ചതാണ്. സിബിഐ റെയ്ഡുകൾ പഴായപ്പോൾ ഡൽഹിയിലെ സ്‌കൂളുകളെ തകർക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ ഒരു തെളിവും കിട്ടാതായതോടെ ഡൽഹിയിലെ സ്‌കൂളുകളുടെ നിർമ്മാണത്തിൽ പാളിച്ചകളുണ്ടെന്ന ആരോപണവുമായി എത്തിയിരിക്കുകയാണവർ. അതെല്ലാം പച്ചക്കള്ളമാണ്. ഡൽഹിയിലെ സ്‌കൂളുകൾ മികച്ച നിലവാരത്തിലുള്ളതാണ്. 2015 മുതൽ 700 സ്‌കൂളുകളാണ് കെജ്രിവാൾ സർക്കാർ നിർമ്മിച്ചത്. സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്നവയാണവ. അത് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മനീഷ് സിസോദിയ പറഞ്ഞു.
ബിജെപി നിരക്ഷരരുടെ പാർട്ടിയാണ്. രാജ്യം വിദ്യാഭ്യാസമില്ലാത്ത അവസ്ഥയിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി സർക്കാർ സ്‌കൂളുകളാണ് അടച്ചു പൂട്ടിയത്. അവരുടെ ഭരണത്തിന് കീഴിൽ എന്തുകൊണ്ടാണ് ഇത്രയധികം സ്‌കൂളുകൾ പ്രവർത്തന രഹിതമായതെന്ന് അവർ അന്വേഷിക്കട്ടെ. ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ പല സ്വകാര്യ സ്‌കൂളുകളേക്കാളും മികച്ചവയാണ്. അവയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.