രാജസ്ഥാൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. സിക്കാർ ജില്ലയിലെ ദീൻദയാൽ ഉപാധ്യായ ശെഖാവട്ടി യൂണിവേഴ്സിറ്റിയിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. ഝുൻഝുനു, ശ്രീ ഗംഗാനഗർ ജില്ലകളിൽ നടന്ന കോളേജ് തെരഞ്ഞെടുപ്പുകളിലും എസ് എഫ് ഐ മികച്ച വിജയം നേടി.
ശെഖാവട്ടി സർവകലാശാലയിലെ ആദ്യ യൂണിയൻ പ്രസിഡന്റായി എസ്എഫ്‌ഐയുടെ വിജേന്ദർ കുമാർ ധാക്ക തെരഞ്ഞെടുക്കപ്പെട്ടു. 25 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. എസ് എഫ് ഐ നേതാവ് ജയ്‌കുമാറാണ് ശെഖാവട്ടി സർവകലാശാലയിൽ യൂണിയൻ വൈസ് പ്രസിഡന്റ്. 43 വോട്ടുകൾക്കാണ് ജയ്‌കുമാർ വിജയിച്ചത്. ജനറൽ സെക്രട്ടറിയായി രെഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി ഓംപ്രകാശ് ദുദി എതിരില്ലാതെയാണ് വിജയിച്ചത്. 2019 മുതൽ ദീൻദയാൽ ഉപാധ്യായയെന്ന പേരു മാറ്റണമെന്നും ഭഗത് സിങ് സർവകലാശാലയായി പുനർനാമകരണം ചെയ്യണമെന്നും എസ് എഫ് ഐ ആവശ്യപ്പെടുന്നുണ്ട്.
സിക്കാർ ജില്ലയിലെ എസ് കെ വനിതാ കോളേജ്, എസ് കെ സയൻസ് കോളേജ്, എസ് കെ ആർട്‌സ് കോളേജ്, എന്നിവിടങ്ങളിലും എസ് എഫ് ഐ വിജയിച്ചു. ഝുൻഝുനു ജില്ലയിലെ നേത്രാം കോളേജ്, ഗുഡ്ഡാ ഗവർമെൻ്റ് കോളേജ്, ഗവണ്മെൻ്റ് കോളേജ് ഝുൻഝുനുവിലും എസ് എഫ് ഐയുടെ മുഴുവൻ പാനലും വിജയിച്ചു. ലുംബറാം മെമ്മോറിയൽ കോളേജിലും ആർ ആർ മൊറാർക്ക കോളേജിലും എസ് എഫ് ഐ മികച്ച വിജയം നേടി.
ശ്രീ ഗംഗാ നഗറിലെ ബല്ലുറാം ഗോധാരാ വനിതാ കോളേജ് ചരിത്രത്തിലാദ്യമായി എസ് എഫ് ഐ പിടിച്ചെടുത്തു. ഭഗത് സിങ്ങ് കോളേജ്, ഗുരുഗ്രാം കോളേജ്, മഹാരാജാ ഗംഗാ സിങ്ങ് കോളേജ്, അനൂപ്ഘട്ട് സർക്കാർ കോളേജ്, ഗർസാന എസ് കെ എം കോളേജിലും എസ് എഫ് ഐ മുഴുവൻ സീറ്റിലും വിജയിച്ചു. കരൺപൂർ സർക്കാർ കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയുടെ യൂണിയൻ പ്രസിഡന്റ് സ്ഥാനാർഥി പരാജയപ്പെട്ടത് ഒരു വോട്ടിനാണ്. ഹനുമാന്ഗഡിലെ എൻ ഡി ബി പിജി കോളേജിലും എസ് എഫ് ഐ ചരിത്ര വിജയം നേടി. ജോധ്പൂർ യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ പാനലും വിജയത്തിലേക്കാണ്.