സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി 5500 കോടി ചെലവഴിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിവിധ പാർട്ടികളിൽ നിന്ന് എം എൽ എമാരെ വാങ്ങാനാണ് ബിജെപി 5500 കോടി ചെലവിട്ടത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കെജ്‌രിവാൾ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്.
വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് ജയിച്ച 277 എം എൽ എമാർ പിന്നീട് ബിജെപിയിൽ ചേർന്നു. അവർക്ക് 20 കോടി വീതം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ ആകെ 277 എംഎൽഎമാർക്കായി 5500 കോടിയാണ് ബിജെപി ചെലവാക്കിയത്. ബിജെപിയുടെ ഈ കുതിരക്കച്ചവടമാണ് രാജ്യത്ത് നാണ്യപ്പെരുപ്പം വർധിപ്പിക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ബിജെപി എംഎൽഎമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവിൽ എംഎൽഎമാരെ വാങ്ങുകയാണ് ബിജെപി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഇന്ത്യയിലുടനീളം ബിജെപി ഓപ്പറേഷൻ താമര നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവർ മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിച്ചു. ഇപ്പോൾ ജാർഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡൽഹിയിൽ കണ്ണുവയ്ക്കുന്നു. എഎപി സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് നടത്തിയതെന്നും എഎപി ദേശീയ കൺവീനർ കൂടിയ കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയിൽ 40 എഎപി എം എൽ എമാരെ വാങ്ങാൻ ബിജെപി 800 കോടി വാഗ്ദാനം ചെയ്തതായി കെജ്‌രിവാൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.