കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ എംപി. പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഇടപാടിലാണ് കേന്ദ്രസർക്കാരിനെ കപിൽ സിബിൽ വിമർശിച്ചത്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണത്തോട് സർക്കാർ നിസ്സഹകരിച്ചു. നിസ്സഹകരണം കുറ്റബോധത്തിന്റെ തെളിവാണ്. പരിശോധിച്ച 29 ഫോണുകളിൽ 5 എണ്ണത്തിൽ അനധികൃത സോഫ്റ്റ്‌വെയർ കണ്ടെത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ല എന്ന് സർക്കാർ തെളിയിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്ന കപിൽ സിബൽ കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസ് മാറുമെന്ന് പ്രതീക്ഷയില്ലെന്നും, കോൺഗ്രസ് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ പെഗാസസ് വിഷയത്തിൽ അന്വേഷണം വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി ദേശസുരക്ഷയുടെ പേരിൽ എപ്പോഴും രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. വിരമിച്ച ജഡ്ജി ആർ വി രവീന്ദ്രനായിരുന്നു വിദഗ്ധ സമിതിയുടെ അധ്യക്ഷൻ.
ഏഴ് വിഷയങ്ങളിലാണ് വിദഗ്‌ധ സമിതി പരിശോധന നടത്തിയത്.
1- പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ?
2- ആരുടെയൊക്കെ ഫോൺ ചോർത്തി ?
3- 2019ൽ ആരോപണം ഉയർന്നപ്പോൾ എന്ത് നടപടി സ്വീകരിച്ചു ?
4- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെഗാസസ് വാങ്ങിയോ ?
5- പെഗാസസ് വാങ്ങിയെങ്കിൽ ഏത് നിയമപ്രകാരം ?
6- സ്വകാര്യ വ്യക്തികൾ ഉപയോഗിച്ചെങ്കിൽ ഏത് നിയമപ്രകാരം ?
7- ഇക്കാര്യത്തിൽ സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങൾ ഏതൊക്കെ ?
കേന്ദ്രസർക്കാർ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയത് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സഹായത്തോടെയാണെന്നാണ് വിവരം. 2017 ൽ 13,000 കോടിയുടെ സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് വാങ്ങിയത്. ഈ വിവരം പുറത്തുകൊണ്ടുവന്നത് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ റോനെൻ ബെർഗ്മാനാണ്.
മൊസാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനയാണ്. സൈനിക രഹസ്യങ്ങൾ ചോർത്താൻ ഇസ്രായേലിന് ‘അമൻ’എന്ന പേരിലും ആഭ്യന്തര രഹസ്യങ്ങൾ ശേഖരിക്കാൻ ‘ഷിൻബിത്’ എന്ന പേരിലും ഇന്റലിജൻസ് ഏജൻസികളുണ്ട്. മൊസാദിന്റെ പ്രവർത്തനമേഖല ഇസ്രായേലി അതിർത്തിക്ക് പുറത്താണ്. ‘രഹസ്യാന്വേഷണ, സ്പെഷൽ ഓപറേഷൻ കേന്ദ്രം’ എന്ന് സ്വയം പരിചയപ്പെടുത്തുന്ന തങ്ങളുടെ മുഖ്യദൗത്യം എന്താണെന്ന് ഏജൻസിതന്നെ അക്കമിട്ടുനിരത്തുന്നുണ്ട്. ഒന്നാമതായി, ഇസ്രായേലിന്റെ അതിർത്തിക്ക് പുറത്തുനിന്ന് രഹസ്യങ്ങൾ ശേഖരിക്കുക. രണ്ട്, ശത്രുരാജ്യങ്ങൾ പാരമ്പര്യേതര ആയുധങ്ങൾ ശേഖരിക്കുന്നതും വികസിപ്പിക്കുന്നതും തടയുക.