കേരളത്തിന് പുറത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഫിഷറീസ്, കായിക v മന്ത്രിയായിരുന്നു ഡൊമിനിക് പ്രസന്റേഷൻ. ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുലാം നബി ആസാദിനെ പോലൊരു നേതാവ് പാര്‍ട്ടി വിടാനുള്ള സാഹചര്യമൊരുക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടതില്‍ കേരളത്തിലെ കോണ്‍ഗ്രസിനും നഷ്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും നില്‍ക്കുന്നത് ഐഡിയോളജി ബേസിലാണ്. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളും മതേത്വരത്വവും ജനാധിപത്യവും പിന്തുടരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്. പക്ഷെ കേരളത്തിന്റെ പുറത്തേക്ക് പോകുമ്പോള്‍ പലര്‍ക്കും ഐഡിയോളജി നഷ്ടപ്പെടും. കേരളത്തിന്റെ പുറത്ത് ബിജെപിയും കോണ്‍ഗ്രസും വലിയ വ്യത്യാസമില്ല. ഐഡിയോളജിക്കല്‍ ബേസുള്ളവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അത് അറിയാവുന്ന ഒരാളായിരുന്നു ഗുലാം നബി ആസാദ്. അവരൊക്കെ പോകുമ്പോള്‍ സങ്കടമുണ്ട്. അത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി-23 നേതാക്കളിൽ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് ഇന്ന് രാവിലെയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാജിക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിനും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുണ്ട്. ഇന്ത്യക്ക് വേണ്ടി പോരാടാനുള്ള ഇച്ഛാശക്തിയും ശേഷിയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഉപജാപക സംഘമാണ് എഐസിസിയെ നയിക്കുന്നത്. ഈ ഉപജാപക സംഘത്തിൽ നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിക്കേണ്ടതുണ്ട്. ഭാരത് ജോഡോ യാത്രയല്ല, കോണ്‍ഗ്രസ് ജോഡോ യാത്രയാണ് നടത്തേണ്ടത്. തന്റെ കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ട് കാലത്തെ ബന്ധം തീവ്ര ദുഃഖത്തോടെയാണ് അവസാനിപ്പിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.