അഗീകൃത നിയമനമല്ലാത്ത കോളേജ് അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ മുൻകൂർ അംഗീകാരമില്ലാത്ത തസ്തികകളിൽ നിയമിക്കപ്പെടുന്ന കോളേജ് അധ്യാപകർക്കാണ്, ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൻ്റെതാണ് ഉത്തരവ്.
നേരത്തെ എംജി സർവകലാശാല നിയമപ്രകാരം അഗീകൃത നിയമനമല്ലാത്ത കോളേജ് അധ്യാപകർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സർക്കാർ വാദം തള്ളുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് അനുകൂലമായ വിധിയുണ്ടായത്. പി ബി സുരേഷ്‌കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെതാണ് ഉത്തരവ്.
സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ് നിയമനം ലഭിച്ച കൊച്ചിൻ കോളേജ് അധ്യാപകരാണ് ആദ്യം ഹർജി നൽകിയത്. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് കൊച്ചിൻ കോളേജ് അധ്യാപകർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെയായിരുന്നു സർക്കാർ അപ്പീൽ നൽകിയത്. സർക്കാരിനുവേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ എ ജെ വർഗീസ്, എംജി സർവകലാശാല സ്‌റ്റാൻഡിങ് കോൺസൽ സുറിൻ ജോർജ് ഐപ്പ് എന്നിവർ ഹാജരായി.