ഗുലാം നബി ആസാദിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് ഗുലാം നബി ആസാദിനെതിരെ പ്രതികരിച്ചത്. ഇയാൾ കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാനും ഡൽഹി മുഖ്യമന്ത്രിയുടെ മുൻ രാഷ്ട്രീയകാര്യ സെക്രട്ടറിയുമാണ്.
എല്ലാ പദവികളും ലഭിച്ച ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ട ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പാട് കാലം തീരുമാനങ്ങൾ എടുത്തിരുന്ന കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രൂപ്പിൽ അംഗമല്ലാത്തപ്പോൾ അദ്ദേഹം അതിനെ വിമർശിക്കുകയാണ്. ഗുലാം നബി ആസാദിൻ്റെ റിമോർട്ട് ബിജെപിയുടെ കൈവശമാണെന്നും പവൻ ഖേര പറഞ്ഞു.
എന്നാൽ ബിജെപിയിലേക്കില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ജമ്മുകശ്മീർ കോൺഗ്രസിൻ്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വവും ഗുലാം നബി ആസാദ് രാജിവെച്ചത്. ഗുലാം നബി ആസാദിനെ പിന്തുണച്ച് അഞ്ച് കോൺഗ്രസ് നേതാക്കൾ കൂടി രാജിവെച്ചിട്ടുണ്ട്. രാജിവെച്ചത് ജമ്മുകശ്മീരിലെ മുൻ മന്ത്രിയും എംഎൽഎമാരുമാണ്. വരും ദിവസങ്ങളിൽ കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കൾ രാജിവെക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.