കോൺഗ്രസിൻ്റെ ദേശീയ മുഖമായിരുന്ന ഗുലാം നബി ആസാദിന് പുറമെ അഞ്ച് കോൺഗ്രസ് നേതാക്കൾ കൂടി രാജിവെച്ചു. രാജിവെച്ചവരിൽ മുൻ മന്ത്രിയും എംഎൽഎമാരുമുണ്ട്. മുൻ മന്ത്രി ജിഎം സരുരി, മുൻ എംഎൽഎമാരായ അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് രാജിവെച്ചത്. ജമ്മുകശ്മീരിലെ കോൺഗ്രസ് നേതാക്കളായ ഇവർ ഗുലാം നബി ആസാദിൻ്റെ അടുത്ത അനുയായികളാണ്.
വരും ദിവസങ്ങളിൽ ഗുലാം നബിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ കോൺഗ്രസിൽനിന്ന് രാജിവെക്കുമെന്ന് മുൻ മന്ത്രി ജി എം സരുരി പറഞ്ഞു. അടുത്ത ആഴ്ച്ച ഗുലാംനബിയെ അനൂകൂലിക്കുന്നവർ ഒത്തു ചേരും. പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ബിജെപിയിലേക്കില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
മുൻ കേന്ദ്ര മന്ത്രിയും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് ഇന്ന് രാവിലെയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ജമ്മുകശ്മീർ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഔദ്യോഗിക നേതൃത്വവുമായി ഗുലാം നബി ആസാദ് അകൽച്ചയിലായിരുന്നു. രാജിക്കത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുണ്ട്.