സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകിയ അമൃത്സർ സ്വദേശിയുടെ അറസ്റ്റിനു പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജരേഖാ നിർമ്മാണവും അന്വേഷണ വലയിലേയ്ക്ക്. സ്വർണക്കടത്തിനു വേണ്ടി സീലും കോൺസുലേറ്റിന്റെ ലെറ്റർപാഡും വ്യാജമായി തയ്യാറാക്കിയിട്ടുണ്ട് എന്ന് ഒന്നാം പ്രതി സരത്ത് ഇഡിയ്ക്കു നൽകിയ മൊഴിയാണ് ഇരുവർക്കും കുരുക്കായി മാറുന്നത്. ഈ സീൽ കസ്റ്റംസ് പിടിച്ചെടുത്തെന്നും മൊഴിയിൽ പറയുന്നു. എന്നാൽ വ്യാജരേഖാ നിർമ്മാണത്തിന് കസ്റ്റംസ് കേസെടുത്തോ എന്നു വ്യക്തമല്ല.
2020 ആഗസ്റ്റ് 13ന് സരിത്ത് ഇഡിയ്ക്ക് നൽകിയ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്താൽ യുഎഇ കോൺസുലേറ്റിന്റെ അധികാരപത്രം എങ്ങനെ സംഘടിപ്പിച്ചു എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വ്യാജസീലും ലെറ്റർപാഡും നിർമ്മിച്ചതിന്റെ വിശദാംശങ്ങളുള്ളത്.
താൻ തയ്യാറാക്കിയ എല്ലാ അധികാരപത്രവും വ്യാജമാണെന്നും വ്യാജമായി തയ്യാറാക്കിയ കത്ത് ഓഫീസിന്റെ ഔദ്യോഗിക ലെറ്റെർഹെഡിൽ പ്രിന്റെടുക്കുകയും സ്വവസതിയിലെ പ്രിന്റർ ഉപയോഗിച്ച് കളർ ഫോട്ടോ കോപ്പി എടുക്കുകയും അതിനുശേഷം, താൻ സ്വയം തയ്യാറാക്കിയ വ്യാജ സ്റ്റാമ്പ് ഉപയോഗിച്ച് മുദ്രപതിപ്പിക്കുകയും ചെയ്തുവെന്നാണ് സരിത്തിന്റെ മൊഴി.
സ്റ്റാച്യുവിലെ എഡിഡി പിന്റ് എന്ന കടയിൽ നിന്നാണ് സ്റ്റാമ്പുണ്ടാക്കുന്ന ഉപകരണം വാങ്ങിയത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് ഈ കട കണ്ടുപിടിച്ചത്. വാങ്ങാൻ ചെന്നപ്പോൾ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. 15000 രൂപ കൊടുത്ത് ഓർഡർ നൽകുകയും രണ്ടാഴ്ച കഴിഞ്ഞാണ് മെഷീൻ കിട്ടിയത് എന്നും മൊഴിയിൽ പറയുന്നു.
സ്വപ്നയുടെ പിടിപി നഗറിലെ വീടിന്റെ ഒന്നാം നിലയിലാണ് വ്യാജസീൽ നിർമ്മിക്കാനുള്ള ഉപകരണം കൊണ്ടുവെച്ചത്. എങ്ങനെയാണ് സീലുണ്ടാക്കിയത് എന്നും വിശദമായി മൊഴിയിലുണ്ട്. ഈ വ്യാജസീലും വ്യാജമായി ഉണ്ടാക്കിയ അധികാരപത്രവും ഉപയോഗിച്ചാണ് ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയത് എന്നും വ്യാജ സീൽ കസ്റ്റംസ് പിടിച്ചെടുത്തുവെന്നും മൊഴിയിലുണ്ട്.
ഇത്ര വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടും കടക്കാരനെ ചോദ്യം ചെയ്യുകയോ വ്യാജസീൽ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണം കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. വ്യാജരേഖാ നിർമ്മാണത്തിന് ഐപിസിയിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല. വ്യാജസീൽ നിർമ്മാണം നടന്നത് സ്വപ്നയുടെ വീട്ടിൽ വെച്ചായിരുന്നു എന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയും കേസിൽ പ്രതിയാകേണ്ടതാണ്.