ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നാടകവുമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരില്‍ താന്‍ ഇടപെട്ട് മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവന. റെയില്‍വേ മേല്‍പ്പാലത്തിനായി ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നില്ല. റെയില്‍വേ മേല്‍പ്പാലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിൻ്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിക്കുന്നത്. 22 കോടി രൂപ ചെലവഴിച്ച് കിഫ്ബിയിലുള്‍പ്പെടുത്തി നടക്കുന്ന മേല്‍പ്പാലനിര്‍മാണത്തിന്റെ 45 ശതമാനം പണി പൂര്‍ത്തീകരിച്ചു. അങ്ങനെയുള്ളപ്പോഴാണ് മേല്‍പ്പാലം പണികള്‍ക്ക് തടസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന ഉറപ്പുമായി സുരേഷ് ഗോപിയുടെ നാടകം.
എല്ലാ മാസവും പുരോഗതി വിലയിരുത്തിയാണ് മേല്‍പ്പാല നിര്‍മ്മാണം മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ള പദ്ധതി മേല്‍പ്പാലം പൂര്‍ത്തീകരിക്കുമെന്ന് സുരേഷ് ഗോപി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ എംഎല്‍എ ചോദിച്ചു.
മേല്‍പ്പാലത്തിൻ്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില അസൗകര്യങ്ങള്‍ സമീപത്തെ റോഡിലുണ്ട്. നിയന്ത്രണങ്ങള്‍ അപകടസാധ്യതയുള്ളതിനാലാണ്. സര്‍വീസ് റോഡ് പൂര്‍ണമായും തുറന്നുകൊടുക്കാന്‍ നിലവില്‍ സാധിക്കില്ല. ടണ്‍ കണക്കിന് ഭാരമുള്ള ഗര്‍ഡറുകളും സ്പാനുകളും സ്ഥാപിക്കുമ്പോള്‍ ഇതിലൂടെ നിയന്ത്രണമില്ലാതെ നടക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. എന്‍ജിനിയര്‍മാരുടെ വിജ്ഞാനക്കുറവിനെപ്പറ്റി പറയുന്ന സുരേഷ്ഗോപിക്ക് അപകടസാധ്യത അറിയില്ലെന്നത് ആശ്ചര്യകരമാണെന്നും എന്‍ കെ അക്ബര്‍ പറഞ്ഞു.