കര്‍ഷക ദ്രോഹനിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ”കര്‍ഷകരെ തോല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല. ഇ.ഡിയെയും ആദായ നികുതി വകുപ്പിനെയും അയച്ച് ഭയപ്പെടുത്താനും സാധിക്കില്ലെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞു. താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്ത് വീണ്ടും ശക്തിപ്പെടുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ള സത്യപാല്‍ മാലിക്കിൻ്റെ പ്രതികരണം.
കാര്‍ഷിക താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച ഹരിയാനയില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് സത്യപാല്‍ മാലിക്കിൻ്റെ വിമര്‍ശനങ്ങള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മോദിയെ കണ്ടപ്പോള്‍ തന്നോട് പ്രധാനമന്ത്രി രൂക്ഷമായി പ്രതികരിച്ചെന്ന് മുന്‍പ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെയും അദാനിയെയും ലക്ഷ്യമാക്കിയുള്ള സത്യപാല്‍ മാലിക്കിൻ്റെ വിമര്‍ശനം.