മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി മൂലം ലാപ്‌സായത് 5 കോടി രൂപ. 2021 – 22 വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രഖ്യാപിക്കാതെ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഗവര്‍ണര്‍ അവാര്‍ഡ് പ്രഖ്യാപിക്കാത്തത് മൂലം തെരഞ്ഞെടുക്കപ്പെടുന്ന സര്‍വകലാശാലയ്ക്ക് ലഭിക്കുമായിരുന്ന 5 കോടി രൂപ നഷ്ടമായി. സര്‍വകലാശാലയുടെ സമഗ്ര വികസനത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന ഫണ്ടായിരുന്നു ഇത്. 2022 മാര്‍ച്ച് മാസത്തിലാണ് ഡോ. സി.എന്‍.ആര്‍ റാവു അധ്യക്ഷനായ കൗണ്‍സില്‍ മികച്ച സര്‍വകലാശാലയെ സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതില്‍ ഒരാഴ്ചയ്ക്കകം ഗവര്‍ണര്‍ തീരുമാനം എടുക്കാറുണ്ട്. എന്നാല്‍ ഗവര്‍ണര്‍ തീരുമാനം എടുത്തില്ല. മാര്‍ച്ച് 31നകം അവാര്‍ഡ് പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് ഫണ്ട് ലാപ്‌സാവുകയായിരുന്നു.
2015ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡിന് തുടക്കം കുറിച്ചത്. ആദ്യ അവാര്‍ഡ് തീരുമാനിച്ചത് രാജ്ഭവനില്‍ നിന്നാണെങ്കില്‍ പിന്നീട് അത് ഗവര്‍ണര്‍ തീരുമാനിച്ച പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കുന്ന രീതിയിലേക്ക് മാറ്റി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായി വിനിയോഗിക്കാമായിരുന്ന 5 കോടി രൂപ നഷ്ടമാക്കിയ ശേഷമാണ് സര്‍വകലാശാലകള്‍ക്കെതിരെ ധാര്‍മികതാ പ്രസംഗം നടത്തുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു