കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം
”സിബിഐ, ഇ.ഡി, എന്‍ ഐ എ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ അവര്‍ വിശ്വാസ്യതയില്ലാത്ത ബിജെപി ഏജന്റുകള്‍ എന്ന് പറയുന്നു. ഇതേ ഏജന്‍സികള്‍ എ എ പിക്കെതിരെ തിരിയുമ്പോള്‍ ഏജന്‍സികളുടെ വിശ്വാസ്യത പെട്ടെന്ന് പുനസ്ഥാപിക്കപ്പെടുന്നു. ഈ എജന്‍സികള്‍
എങ്ങനെയാണ് ഒരേ സമയം വിശ്വാസ്യത ഉള്ളതും വിശ്വാസ്യതയില്ലാത്തതുമായി മാറുന്നത് ? ” ഒമര്‍ അബ്ദുള്ള ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം
How does this work? When CBI/ED/NIA etc go after Congress leaders then these organisations are the discredited agents of the BJP yet when AAP leaders are targeted then suddenly the credibility is restored. How can the agencies be both credible & discredited at the same time? https://t.co/EJCtDo9S39
— Omar Abdullah (@OmarAbdullah) August 21, 2022
കേരളത്തിലെ കോണ്‍ഗ്രസിനെതിരെ സിപിഎമ്മും ഇതേ വിമര്‍ശനം നേരത്തെ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ ഇതേ സമയം തന്നെ നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കേരളത്തില്‍ ഇഡിക്കെതിരെ സമരം നടത്തുകയും ചെയ്തു.