സംസ്ഥാന ബിജെപിക്കെതിരെ ഒളിയമ്പുമായി ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ പ്രതികള്‍ വാഴ്ത്തപ്പെടുകയാണെന്നും പ്രതികളുടെ സ്റ്റേറ്റ്മെന്റുകള്‍ വേദവാക്യമാകുന്നുവെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവും പകലും ചര്‍ച്ച മുഴുവന്‍ പ്രതികളെ ആശ്രയിച്ചാണ് നടക്കുന്നത്. ഗവര്‍ണര്‍ എന്ന നിലയിലല്ല മലയാളി എന്ന നിലയിലാണ് ഇക്കാര്യത്തില്‍ തൻ്റെ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം നടത്തിയിരുന്നു. ഇത് വ്യാപകമായി ക്രമസമാധാനപ്രശ്നങ്ങളും സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രതിയുടെ വാക്ക് കേട്ട് സമരവും ചര്‍ച്ചകളും നടത്തുന്നതിനെതിരായ ശ്രീധരന്‍പിള്ളയുടെ വിമര്‍ശനങ്ങള്‍.