വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് കെ. എസ് യു. വിനെയെന്ന് സമകാലിക മലയാളം. ഈ ആഴ്ച പുറത്തിറങ്ങിയ വാരികയിലാണ് ആദ്യം നിരോധിക്കേണ്ടത് കെ.എസ്.യുവിനെ എന്ന തലക്കെട്ടില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. എസ് എഫ് ഐയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരികയുടെ മുഖപ്രസംഗം.
കെ എസ് യുവിന്റെ അക്രമരാഷ്ട്രീയ ചരിതം എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം. 1970-ലാണ് എസ്.എഫ്.ഐ രൂപംകൊണ്ടത്. കേരളത്തില്‍ കെ.എസ്.യു കാമ്പസുകളില്‍ ആളെണ്ണത്തിലും കായികപരമായും അടക്കി വാണകൊണ്ടിരിക്കുമ്പോഴാണ് എസ്.എഫ്.ഐ പ്രവര്‍ത്തനം തുടങ്ങുന്നത്.
ഇന്ദിരയുടെ അടിയന്തരാവസ്ഥയേയും രൂക്ഷമായ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയ കാലാവസ്ഥകളേയും അതിജീവിച്ച് എസ്.എഫ്.ഐയുടെ വളര്‍ച്ച അതി വേഗമായിരുന്നു. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെ എസ്.എഫ്.ഐ കാമ്പസുകളില്‍ നേടിയെടുത്ത സ്വീകാര്യത കെ.എസ്.യു ഉള്‍പ്പെടെയുള്ള വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെ അസ്വസ്ഥമാക്കി. എണ്‍പതുകളിലും തൊണ്ണൂറുകളിലും അത് പ്രകടമായി. അതിൻ്റെ പ്രതിഫലനമായിരുന്നു മുപ്പതോ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം.
അതില്‍ പത്തോളം പേര് കെ.എസ്.യുവിന്റെ കത്തിക്കിരയായവരാണ് എന്ന് ചരിത്രം പറയുന്നു. ഹൈബി ഈഡന് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് രണ്ട് മാസം മുന്‍പാണ് ഇടുക്കിയില്‍ എന്‍ജിനീയറിംഗ് കോളേജില്‍ ധീരജെന്ന എസ്.എഫ്.ഐ പ്രവര്ത്തകന് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്.
ഹൈബി പറഞ്ഞ വാദം വെച്ചാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് കേരളത്തിലെ കെ.എസ്.യുവിനെയല്ലേയെന്ന് മുഖപ്രസംഗം ചോദിക്കുന്നു. കെ.എസ്.യുവിന്റെ ദേശീയ സംഘടനയായ എന്‍.എസ്. യുവിൻ്റെ പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനമായ ഡല്ഹിയിലുള്പ്പെ ടെ ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍നിന്നും രൂക്ഷമായ കായിക ആക്രമണങ്ങള്‍ ഏല്ക്കുമ്പോള് അവര്‍ക്കെതിരെ ഉയര്‍ത്താത്ത ആവശ്യമാണ് എസ്.എഫ്.ഐയ്ക്കെതിരെ ഹൈബി ഉയര്‍ത്തിയതെന്നും മുഖം പ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിൻ്റെ പ്രസിദ്ധീകരണമാണ് സമകാലികമലയാളം.