മഹാരാഷ്ട്രയിൽ ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് സർവേ റിപ്പോർട്ട്. ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതിൽ പതിനെട്ട് സീറ്റിൽ മാത്രമേ ബിജെപി – ഷിൻഡെ സഖ്യത്തിന് വിജയിക്കാനാകു. ബാക്കി വരുന്ന മുപ്പത് സീറ്റുകളിലും മഹാ വികാസ് അഘാഡി സഖ്യം വിജയിക്കും. ശിവസേനയും, കോൺഗ്രസും, എൻസിപിയും ഉൾപ്പടെയുള്ള പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷ നിരയാണ് മഹാ വികാസ് അഘാഡി സഖ്യം.
ബിജെപി – ഷിൻഡെ സഖ്യത്തിൽ നിലവിൽ മുപ്പത്തിയൊന്ന് ലോക്സഭാംഗങ്ങളുണ്ട്. ബിജെപിക്ക് മാത്രമായി ഇരുപത്തി മൂന്ന് എംപിമാരുണ്ട്. ശിവസേനയിലെ 13 എംപിമാർ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെയാണ്. ഇപ്പോൾ ബിജെപിയിലുള്ള 41 എംഎൽഎമാരും , ഷിൻഡെയെ പിന്തുണയ്ക്കുന്ന 12 ശിവസേന എംഎൽഎമാരും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി – ഷിൻഡെ പക്ഷത്തെ വിജയിപ്പിക്കില്ലെന്നും സർവേയിൽ പറയുന്നു. സി വോട്ടറിന്റേതാണ് സർവേ.