അട്ടപ്പാടി മധു കൊലക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന് വാദം അഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. മറ്റ് നാല് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടായിരുന്നില്ല.
പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പ്രതികളില്‍ ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുകളുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചകൊണ്ടായിരുന്നു കോടതി തീരുമാനം.