അവധി ദിനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പൊതു അവധിയായ ഓഗസ്റ്റ് ഇരുപത്തിയൊന്നിന്ന് ഞായറാഴ്ചയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഫയൽ തീർപ്പാക്കുന്നതിന് പുറമെ പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല.
സെപ്തംബറിനകം ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഫയലുകൾ തീർപ്പാക്കാൻ മന്ത്രിസഭയും തീരുമാനിച്ചു. ഇതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള കാരണം. ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പുറമെ അടുത്ത മാസം പതിനെട്ടിന് ഞായറാഴ്ചയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
അവധി ദിനമായ ജൂലൈ പതിനെട്ടിനും സമാനമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നു. 34,995 ഫയലുകൾ അന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തീർപ്പാക്കി.