കോൺഗ്രസ് അധ്യക്ഷ സ്ഥാനം ആരെറ്റെടുക്കുമെന്ന ചർച്ച തുടരുന്നതിനിടയിൽ തീരുമാനം വീണ്ടും അനിശ്ചിതത്വത്തിൽ. ഭാരത് ജോഡോ യാത്രക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. അതേസമയം അടുത്ത പൊതു തെരഞ്ഞെടുപ്പുവരെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും ചില നേതാക്കൾ വാദിക്കുന്നു. ഇതോടെ ആദ്യകാശനെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായങ്ങൾ ഉയർന്നു. അടുത്ത മാസം ഏഴ് മുതലാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ളത്.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര നയിക്കുന്നത് രാഹുൽ ഗാന്ധിയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് മുൻപ് പുതിയ അധ്യക്ഷനെ തീരുമാനിക്കുമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും മറുപടി വ്യക്തമാക്കിയില്ല. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, അശോക് ഗെഹ്ലോട്ട്, കമൽനാഥ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.