തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചാണ് സ്വപ്നയുടെ രണ്ട് ഹര്‍ജികളും തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികള്‍ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. നിക്ഷിപ്ത താല്‍പ്പര്യത്തിന് വേണ്ടി തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. മുന്‍മന്ത്രി കെ ടി ജലീലിൻ്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്കിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലഭിച്ച പരാതികളിലാണ് പൊലീസ് ഗൂഡാലോചനയ്ക്ക് കേസെടുത്തത്.