ലിംഗസമത്വ വിഷയത്തില്‍ വിവാദ പരാമാര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അപകടമാണെന്നായിരുന്നു മുസ്ലീം ലീഗ് നേതാവിൻ്റെ പ്രസ്താവന.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്ലാസുകളില്‍ ഒരുമിച്ചിരിക്കണമെന്ന് എന്തിനാണ് നിര്‍ദേശിക്കുന്നത് ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ കുട്ടികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധമാറും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിയൊരുക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കാതെ നോക്കുന്നതാണ്. അതുകൊണ്ടാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ ലീഗ് നിലപാട് സ്വീകരിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം മുസ്ലീംലീഗ് കാണുന്നത് ധാര്‍മിക പ്രശ്‌നമായിട്ടാണെന്നും പിഎംഎ സലാം കോഴിക്കോട് പറഞ്ഞു.
ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലിംഗ സമത്വത്തിന് വിരുദ്ധമായ പിഎംഎ സലാമിൻ്റെ പ്രതികരണം.