കർഷക കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നു. കർഷക കോൺഗ്രസിൽ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിയമിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ജില്ലാ കമ്മറ്റികൾ പരാതി നൽകി. പത്ത് ജില്ലകളിൽ നിന്നായി പരാതി നൽകിയത് ദേശീയ നേതൃത്വത്തിനാണ്. നിലവിലെ സംസ്ഥാന നേതൃത്വത്തിൽ കടുത്ത ഗ്രൂപ്പിസമാണെന്നും അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിക്കുന്നതെന്നും പരാതിയിലുണ്ട്.
കെ പി വിജയനാണ് നിലവിൽ കർഷക കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡന്റ്. പതിനേഴ് വർഷം സംസ്ഥാന പ്രസിഡന്റായിരുന്ന ലാൽ വർഗീസ് കൽപകവാടി സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാന സെക്രട്ടറിയും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെ പി വിജയൻ പ്രസിഡന്റായത്.
സംസ്ഥാന കമ്മറ്റിയിൽ പോലും കൂടിയാലോചന നടത്താതെയാണ് കെ പി വിജയൻ നടപടി സ്വീകരിക്കുന്നതെന്നാണ് പരാതിയിലെ ആദ്യ ആരോപണം. തൃശൂർ, പാലക്കാട്, വയനാട്, കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്ന് മാത്രമാണ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി ഉയരാതിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് നേരിട്ട് നിയമിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സോണിയാ ഗാന്ധിക്കെതിരെ പ്രവർത്തിച്ച കോൺഗ്രസ് നേതാവാണെന്നും ആരോപണമുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കർഷക കോൺഗ്രസിലെ പ്രശ്നം ഗൗരവകരമായാണ് കെപിസിസിയും കാണുന്നത്. എന്നാൽ കെപിസിസി പ്രസിഡന്റിനോട് ആലോചിച്ചാണ് ജില്ലാ പ്രസിഡന്റിനെ മാറ്റിയതെന്നാണ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വാദം. കോൺഗ്രസ് വി ഡി സതീശൻ, കെ സി വേണുഗോപാൽ സഖ്യം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കർഷക കോൺഗ്രസ് പിടിച്ചെടുക്കാൻ കെ സുധാകരൻ ശ്രമിക്കുകയാണോ എന്നും നേതാക്കൾക്കിടയിൽ ചർച്ചയുണ്ട്.