രാഷ്ട്രീയ നാടകത്തിൻ്റെ ഫലപ്രാപ്തിയാണ് ഗവർണറുടെ തീരുമാനത്തിന് പിന്നിലെന്ന് പ്രിയ വർഗീസ്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടിയ റാങ്ക് പട്ടിക കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദ് ചെയ്തിരുന്നു. പ്രിയ വർഗീസിന് രണ്ട് ദിവസത്തിനുള്ളിൽ നിയമന ഉത്തരവ് നൽകുമെന്ന വൈസ് ചാൻസിലറുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക റദ്ദാക്കിയത്. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്ന് നേരത്തെ ആരോപണം നിലനിന്നിരുന്നു.
എൻ്റെ പേര് സർവ്വകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക് പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക് ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു. എന്ന് പ്രിയ വർഗീസ് വ്യക്തമാക്കി.
ചുരുക്കപ്പട്ടികയിലേക്കുള്ള എൻ്റെ തെരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ് കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്.
തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു.27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13ഒക്കെയായി ചുരുങ്ങി. അപ്പോഴും “ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ എന്നും പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.